top of page

നന്മമരം പൂക്കും കാടുകുറ്റി ഉണ്ണിമിശിഹാ പള്ളി

  • Writer: Admin
    Admin
  • Sep 5, 2019
  • 3 min read

മാനത്ത് കാറ് കൊള്ളുമ്പോഴേ പേടിക്കാൻ തക്കവിധം മലയാളിയുടെ മനസിനെ ഭീതിയിലാഴ്ത്തിയ ഒന്നായിരുന്നു കഴിഞ്ഞ വർഷത്തെ പ്രളയം. ചരിത്രത്താളുകളിൽ ഇരുൾപടർത്തി '2018 - ലെ പ്രളയം' കടന്നുപോയപ്പോൾ അത് അവശേഷിപ്പിച്ചത് നഷ്ടങ്ങളുടെ നീണ്ടനിരയായിരുന്നു. നഷ്ടങ്ങൾ മാത്രമാണോ എന്നു ചോദിച്ചാൽ അല്ലാ എന്നു പറയേണ്ടിവരും. കാരണം, പകരം വയ്ക്കാനില്ലാത്ത മനുഷ്യത്വം, സ്നേഹം, അതിർത്തികൾ കടന്നെത്തിയ കാരുണ്യം തുടങ്ങി അനേകം മൂല്യങ്ങളുടെ സമ്പന്നതയാണ് പ്രളയത്തിൽ ഒഴുകിയെത്തിയത്. അത് ഒരിക്കൽക്കൂടി തെളിയിക്കാൻ ഒരു കാലവർഷക്കെടുതി കൂടി വേണ്ടിവന്നു എന്നു മാത്രം. ഇത്രയൊക്കെ പറഞ്ഞുവന്നത് ഒരു ചെറിയ ഇടവകയുടെ സുമനസിന്റെ കഥ പറയുവാനാണ്. കഴിഞ്ഞ പ്രളയം  ഇല്ലാതാക്കിയ ഒരു ഇടവക. കാടുകുറ്റി ഇൻഫെന്റ് ജീസസ് ഇടവക. ഈ ഇടവക മണിക്കൂറുകൾ കൊണ്ട് മനുഷ്യത്വത്തിന്റെ, കരുതലിന്റെ കഥകൾ രചിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. നന്മ നിറഞ്ഞ മനസുകളുടെ ഉള്ളിൽ നിന്നുയരുന്ന കരുതലിന്റെ ആ കഥകൾക്ക് സാക്ഷിയായിക്കൊണ്ട് ലൈഫ് ഡേയോട് ചേരുകയാണ് ഇടവക വികാരി ഫാ. ബൈജു കണ്ണമ്പിള്ളി... കാരുണ്യത്തിന്റെ കരം വിരിച്ച ഇടവക ജനം കാടുകുറ്റി ഇടവക എന്നാൽ ഒരു ചെറിയ ഗ്രാമം. സാധാരണക്കാരായ എന്നാൽ, മനുഷ്യത്വം കൊണ്ട് സമ്പന്നരായ ഒരു കൂട്ടം ആളുകൾ. ഇവിടെ ആളുകൾക്ക് എന്ത് എങ്ങനെ എപ്പോൾ ചെയ്യണം എന്ന് നന്നായി അറിയാം. എന്നാൽ, അവർ ചെയ്യുന്നത് മറ്റാരും അറിയില്ലാതാനും. കാടുകുറ്റി ഇടവകയെക്കുറിച്ച്  ഒരു ആമുഖം എന്നതുപോലെ വികാരിയച്ചൻ പറഞ്ഞുതുടങ്ങി. ഈ ഇടവകയിലെ 400-ഓളം വീടുകളെ വെള്ളത്തിനടിയിലാക്കുവാൻ 2018-ലെ പ്രളയത്തിൽ, ചാലക്കുടി പുഴയ്ക്ക് കഴിഞ്ഞു. നഷ്ടങ്ങൾക്കിടയിലും കരം പിടിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് കരേറി. അല്ലെങ്കിൽ കരേറാന്‍ ശ്രമിക്കുകയാണ് എന്നു പറയുകയായിരിക്കും ശരി. പ്രളയത്തിന്റെ വാർഷികത്തിൽ അതിജീവനത്തിന്റെ കേരളത്തെ ഉയർത്തിപ്പിടിക്കുവാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ സമയത്തെ കാലവർഷം ചെറുതല്ലാത്ത പ്രതിസന്ധികളുമായി കടന്നുവരുന്നത്. അത് പിന്നീട് രൂക്ഷമാവുകയും വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളെ തകർക്കുകയും ചെയ്തു. ഈ സമയമാണ് കാടുകുറ്റി ഇടവക ജനങ്ങൾ തങ്ങളുടെ മനസിന്റെ നന്മ കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ തുടങ്ങുന്നത്. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി കവളപ്പാറയിലെ ദുരിതബാധിതർക്കായി ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ് രൂപ സമാഹരിക്കുവാൻ ഈ ഇടവകയിലെ, ഇനിയും ഒരു പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്ത സമൂഹത്തിന് കഴിഞ്ഞിരുന്നു. ഇത് ലൈഫ് ഡേ റിപ്പോർട്ട് ചെയ്തിരുന്നു. വെറും ഇരുപത്തിനാല് മണിക്കൂറുകള്‍ കൊണ്ട് സമാഹരിച്ച ആ തുകയുമായി കവളപ്പാറയിൽ എത്തിയ ബൈജു അച്ചനും സുഹൃത്തിനും കാണാൻ കഴിഞ്ഞത് മരിച്ച അഖില, അലീന എന്നെ കുഞ്ഞുമക്കളുടെ കുടുംബാംഗങ്ങൾക്ക് താമസിക്കുവാൻ അവിടെയുള്ള ഒരു പഴയ വീട് വൃത്തിയാക്കുന്ന വൈദികനെയാണ്. അന്ന് അവർക്കു ലഭിച്ച ആ തുക ആ കുഞ്ഞുങ്ങളുടെ വീടുവയ്ക്കാൻ കൊടുത്തുകൊണ്ട് യാത്രയാകുമ്പോൾ അവിടെ ദുരിതബാധിതർക്കായി ഇനിയും സഹായം വേണ്ടതുണ്ട് എന്ന് അവിടുത്തെ വൈദികൻ ഓർമ്മിപ്പിച്ചിരുന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് കരുണയുടെ കരം തുറക്കാൻ സന്മനസ്സ് കാട്ടിയ തന്റെ നാട്ടുകാർക്ക് ഇനിയും സഹായിക്കുവാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാം ദൈവഹിതത്തിന് വിട്ടുകൊടുത്ത് അച്ചൻ തന്റെ ഇടവകയിലെത്തി. രണ്ടാമത്തെ അത്ഭുതം പതിനെട്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാന സന്ദേശത്തിനിടെ ഒരിക്കൽക്കൂടി മുന്നിൽ സ്ഥാപിച്ച നിക്ഷേപ പാത്രത്തിലേയ്ക്ക് ജനത്തിന്റെ ശ്രദ്ധ കൊണ്ടുവന്നു. പ്രത്യേകിച്ച് ഒന്നും പറയാതെ ഇടവക ജനത്തിന്റെ സൗകര്യത്തിന് ഒരിക്കൽക്കൂടി വിട്ടുകൊണ്ട് അൾത്താരയിൽ പ്രാർത്ഥനാ നിമഗ്നനായി ആ വൈദികൻ നിന്നു. അറിയിപ്പിനു ശേഷം നല്ല തീരുമാനമെന്നോ ഞങ്ങൾ സഹായിക്കാമെന്നോ ഒന്നും പറഞ്ഞ് ആരും വന്നില്ല. പതിവുപോലെ ശാന്തമായി മണിക്കൂറുകൾ കടന്നുപോയി. അതിനിടയിൽ അന്യമതസ്ഥരും ഇടവകയിലെ വിശ്വാസികളുടെ ബന്ധുക്കളും അടുത്ത ഇടവകയിൽ നിന്നുള്ള ആളുകളും ഒക്കെ ആ ദേവാലയത്തിൽ കൂടെ കടന്നുപോയി. 12 മണിക്കൂര്‍ കഴിഞ്ഞു. നിക്ഷേപ പത്രം തുറന്ന അച്ചനും കൂട്ടരും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ആ നിക്ഷേപ പാത്രത്തിൽ മൂന്നുലക്ഷം  രൂപ! ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ഏകദേശം നാലു ലക്ഷത്തോളം രൂപ സമാഹരിക്കുവാൻ ഇവർക്ക് കഴിഞ്ഞു. ഇനി നിലമ്പൂരിൽ നിന്നുള്ള അച്ഛന്റെ ഫോണിനായി കാത്തിരിക്കുകയാണ് ഇവർ. നിലവിൽ ഭക്ഷണസാധനങ്ങൾ അവിടെ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇനി എന്താണ് ആവശ്യം എന്ന് അറിഞ്ഞ് അതനുസരിച്ച് സാധനങ്ങൾ നല്കുവാനോ അല്ലെങ്കിൽ പണമായി കൈമാറുവാനോ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും 270465 രൂപ കവളപ്പാറയിലെ ഭൂദാനം പള്ളിയിൽ വീടുപണിതു നൽകുന്നതിനായി നൽകി. നന്മയിൽ നെയ്ത ചൂലുമായി അമ്മമാരും ദുരിതബാധിത മേഖലകളിൽ വൃത്തിയാക്കുന്നതിനായി ഏറ്റവും ആവശ്യമായി വരുന്ന ഒന്നാണ് ചൂൽ. ഈ ഒരു സംഭവം വളരെ നിസാരം എന്നു തോന്നാം എങ്കിലും പ്രധാനപ്പെട്ട ഒന്നാണ്. അതിനാൽ തന്നെ ഇൻഫെന്റ് ജീസസ് ഇടവകയിലെ അമ്മമാരും സമീപത്തുള്ള ഇതരമതസ്ഥരായ ആളുകളും ചേർന്ന് പള്ളിപ്പരിസരത്തുണ്ടായിരുന്ന പട്ട വെട്ടിയെടുത്ത് ചൂലുകൾ ഉണ്ടാക്കി. ഏകദേശം 75-ഓളം ചൂലുകൾ നിർമ്മിക്കുവാൻ ഈ വീട്ടമ്മമാർക്ക്‌ കഴിഞ്ഞു. ചുരുക്കത്തിൽ ദുരിതം അതിന്റെ ഭീകരത അറിഞ്ഞപ്പോൾ അവരെ സഹായിക്കുന്നതിനായി ഓടിയെത്തിയ ഒരുപറ്റം ജനങ്ങളോടുള്ള ഒരു ഇടവക ജനത്തിന്റെ നന്ദി പ്രകാശനമാണ് ഈ എളിയ സമ്മാനം. പ്രളയജലത്തിന്റെ സംഹാരതാണ്ഡവത്തിൽ പകച്ചുപോയ തങ്ങളെ സഹായിക്കാൻ ഓടിയെത്തിയവരായിരുന്നു അവർ. അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ് - എല്ലാവരുടെയും മനസ്സിൽ അത്രമാത്രം. സഹായങ്ങൾ നിക്ഷേപ പത്രത്തിൽ ഇട്ട് രഹസ്യമായി, ഒന്നും പറയാതെ, റെസിപ്റ്റ് പോലും വാങ്ങാതെ നടന്നകലുന്ന ഈ സമൂഹം, തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്ന് ബൈജു അച്ചൻ വെളിപ്പെടുത്തുന്നു. സഹായങ്ങൾ ചെയ്യുമ്പോഴും അത് എത്ര വലിയതാണെങ്കിലും ചെറുതാണെങ്കിലും യാതൊരുവിധ ഉൽക്കണ്ഠയോ, ആകാംക്ഷയോ, അമിതമായ അതിശയമോ, ആഹ്ളാദപ്രകടനമോ ഒന്നും അവർക്കില്ല. എല്ലാം സാധാരണപോലെ നടന്നുപോകുന്നു... അച്ചൻ പറഞ്ഞുനിർത്തി. പിന്നെ അച്ചനോടായി  ഒരു ചോദ്യം കൂടി. ഇതുപോലെ ഒരു സഹായം എത്തിക്കാൻ കഴിഞ്ഞു. അതിന് ജനങ്ങളെ പ്രാപ്തരാക്കി എന്ത് തോന്നുന്നു? "സന്തോഷവും തോന്നുന്നില്ല, സങ്കടവും തോന്നില്ല. എല്ലാം ദൈവാനുഗ്രഹം മാത്രം. ഓരോ കാര്യവും അവർക്കു മുന്നിലേയ്ക്ക് അവതരിപ്പിക്കുമ്പോഴും ദൈവത്തിനു വിട്ടുകൊടുക്കും. ദൈവഹിതമെങ്കിൽ അത് വിജയിക്കും. അത്രമാത്രം. അച്ചൻ ചെറുചിരിയോടെ പറഞ്ഞുനിർത്തി. മരിയ ജോസ് 


 
 
 

Comments


Featured Posts
Recent Posts
Archive
Search By Tags
Follow Us
  • Facebook Basic Square
  • Twitter Basic Square
  • Google+ Basic Square
ADDRESS

INFANT JESUS CHURCH

KADUKUTTY P.O

CHALAKUDY, THRISSUR

KERALA

680 309

PHONE : 0480 2718927

SUBSCRIBE FOR EMAILS
  • Facebook Social Icon

Copyright © 2019 Infant Jesus Church Kadukutty. This website is developed and maintained by Jomson Mathachan. email: jomsonvm@gmail.com

bottom of page